Home Keralaകെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായെന്ന് വിമര്‍ശനം; എല്‍ഡിഎഫ് പ്രചരണം ഏകമുഖമായിരുന്നുവെന്ന് സിപിഐ

കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിയത് തിരിച്ചടിയായെന്ന് വിമര്‍ശനം; എല്‍ഡിഎഫ് പ്രചരണം ഏകമുഖമായിരുന്നുവെന്ന് സിപിഐ

by news_desk1
0 comments

കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളില്‍ വിമര്‍ശന സ്വരങ്ങള്‍ ശക്തമാകുന്നു. മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയ തീരുമാനം രാഷ്ട്രീയമായി ക്ഷീണം സൃഷ്ടിച്ചുവെന്ന വിമര്‍ശനം സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നതായി വിവരം.

സംസ്ഥാന നേതാക്കള്‍ മണ്ഡലതല പ്രചാരണത്തില്‍ വേണ്ടത്ര സജീവമായില്ലെന്നും പ്രാദേശിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിച്ചില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ചില നേതാക്കളുടെ പൊതുപ്രവര്‍ത്തന ശൈലിയും ജനങ്ങള്‍ക്കിടയില്‍ പ്രതികൂല വികാരം സൃഷ്ടിച്ചുവെന്ന വിലയിരുത്തലും ചര്‍ച്ചകളിലുണ്ടായി.

അതേസമയം, പാലക്കാട് ചേര്‍ന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിലും എല്‍ഡിഎഫ് പ്രവര്‍ത്തനരീതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചരണം ഒരു നേതാവിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും വിശാലമായ ഇടത് രാഷ്ട്രീയ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചില്ലെന്നുമാണ് വിലയിരുത്തല്‍.

ഇടതുപക്ഷത്തിന്റെ പരമ്പരാഗത സാമൂഹിക പിന്തുണാ വിഭാഗങ്ങളില്‍ അകലം രൂപപ്പെട്ടുവെന്നും ദലിത്, പിന്നാക്ക വിഭാഗങ്ങളുമായി കൂടുതല്‍ സജീവമായ രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണെന്നും അഭിപ്രായമുയര്‍ന്നു. മുന്നണി തലത്തില്‍ ഏകോപനക്കുറവും ഘടകകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

You may also like