കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ദേശീയപാതയിൽ ക്രൂയിസർ ജീപ്പും ചരക്കുലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ചീത്താപൂരിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.
യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ക്രൂയിസർ ജീപ്പ് ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതം അതിശക്തമായതിനാൽ ജീപ്പ് പൂർണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

