Home Internationalതുൾസി ഗബാർഡ് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം, ഭിന്നത ചർച്ചയായി

തുൾസി ഗബാർഡ് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം, ഭിന്നത ചർച്ചയായി

by news_desk1
0 comments

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൾസി ഗബാർഡ് രാജിവെച്ചു. ഭർത്താവിന്റെ ആരോഗ്യസ്ഥിതിയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്ന് തുൾസി സമൂഹമാധ്യമത്തിലൂടെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അപൂർവ അസ്ഥി കാൻസറിന് ചികിത്സയിലായിരിക്കുന്ന ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ടായെന്നാണ് രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജി ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരും.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് തുൾസി തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ദേശീയ ഇന്റലിജൻസ് സംവിധാനത്തെ നയിക്കാൻ അവസരം ലഭിച്ചതിന് നന്ദിയുണ്ടെന്നും കുടുംബത്തിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അവർ അറിയിച്ചു.

തുൾസിയുടെ രാജിക്ക് പിന്നാലെ നിലവിലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായ ആരോൺ ലൂക്കാസിനെ ഇടക്കാല ദേശീയ ഇന്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് ട്രംപ് അറിയിച്ചു. മുൻ സിഐഎ ഉദ്യോഗസ്ഥനും ദേശീയ സുരക്ഷാ സംവിധാനത്തിൽ പ്രവർത്തിച്ച പരിചയമുള്ള വ്യക്തിയുമാണ് ലൂക്കാസ്.

അതേസമയം, രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ മാത്രമല്ലെന്നും വൈറ്റ് ഹൗസുമായുള്ള നിലപാട് വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ അമേരിക്കൻ മാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് ഇറാൻ വിഷയത്തിലും ദേശീയ സുരക്ഷാ വിഷയങ്ങളിലുമുള്ള സമീപന വ്യത്യാസങ്ങൾ ചർച്ചയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

You may also like