കോട്ടയം: കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു. ഒരു കാലഘട്ടത്തിന്റെ ഓര്മ പുതുക്കലിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഉത്തരവാദിത്തം ഭരണഘടനയുടെ ആത്മാവിന് അനുസൃതമായി നിര്‍വഹിക്കുമെന്നും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഇത്തവണ നിയമസഭയിലെത്തിയ 71 പുതുമുഖ എംഎല്‍എമാരെ സഭാനടപടികളിലും നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രാപ്തരാക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുടെ വസതിയും തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചിരുന്നു.
കേരള നിയമസഭയുടെ 25-ാം സ്പീക്കറായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 101 വോട്ടുകള്‍ നേടി അദ്ദേഹം വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി. മൊയ്തീന് 35 വോട്ടും ബിജെപി സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. കേരള നിയമസഭാ ചരിത്രത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച ആദ്യ സംഭവമെന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.

