കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ നടി അൻസിബ ഹസ്സൻ സംഘടനയ്ക്കുള്ളിലെ അനുഭവങ്ങളും ചില അംഗങ്ങൾക്കെതിരായ ആരോപണങ്ങളും തുറന്നുപറഞ്ഞു. നടൻ ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് അൻസിബയുടെ ആരോപണം.
തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ട് തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും സംഘടനയ്ക്കുള്ളിൽ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും അൻസിബ പറഞ്ഞു. തന്റെ പേരും വ്യക്തിത്വവും അടിസ്ഥാനമാക്കി മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.
കുടുംബസംഗമ പരിപാടിക്കിടെ നടി നീന കുറുപ്പുമായി തർക്കമുണ്ടായെന്നും തുടർന്ന് സംഭവങ്ങൾ കൂടുതൽ വഷളായെന്നും അൻസിബ പറഞ്ഞു. സംഘടനയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ളവർ തന്റെ ഭാഗത്ത് ഉറച്ചുനിന്നില്ലെന്നും അവർ ആരോപിച്ചു.
സംഭവങ്ങൾ കടുത്ത മാനസിക സമ്മർദത്തിലേക്ക് നയിച്ചുവെന്നും നിലവിൽ നിയമനടപടികളിലേക്ക് പോകാൻ താൽപര്യമില്ലെന്നും അൻസിബ വ്യക്തമാക്കി.
അതേസമയം, അൻസിബയുടെ രാജി സംഘടന ഔദ്യോഗികമായി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചു. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് ശ്വേത വിശദീകരിച്ചു.
ഫെബ്രുവരി മാസത്തിൽ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്ത ശേഷമാണ് രാജി അംഗീകരിച്ചതെന്നും സംഘടന നേതൃത്വം വ്യക്തമാക്കി.

