കാസർകോട്: ഭർതൃവീട്ടിൽ യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. പാണലത്ത് നടന്ന സംഭവത്തിൽ ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
ഭർതൃവീട്ടുകാരുടെ മാനസികവും സാമ്പത്തികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വർണം ആവശ്യപ്പെട്ട് യുവതിക്ക് നേരെ തുടർച്ചയായി സമ്മർദ്ദവും ഉപദ്രവവും ഉണ്ടായിരുന്നുവെന്നും കുടുംബം പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മരണത്തിന്റെ യഥാർത്ഥ സാഹചര്യം വ്യക്തമാക്കുന്നതിനായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും തുടരുകയാണ്.

