കൊച്ചി: ഹെൽമെറ്റില്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടിയ സംഭവത്തിൽ സിനിമയെ വെല്ലുന്ന വഴിത്തിരിവ്. പരിശോധനയ്ക്കിടെ വാഹനം മാസങ്ങൾക്ക് മുമ്പ് മോഷണം പോയതാണെന്നും അതിൽ ഘടിപ്പിച്ചിരുന്നത് വ്യാജ നമ്പർ പ്ലേറ്റാണെന്നും കണ്ടെത്തി.
കാക്കനാട്–കളമശ്ശേരി മേഖലയിൽ സീപോർട്ട്–എയർപോർട്ട് റോഡിൽ പതിവ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഹെൽമെറ്റില്ലാതെ സ്കൂട്ടർ ഓടിച്ചെത്തിയ യുവതിയോട് വാഹനം നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും നിർദേശം അവഗണിച്ച് വാഹനം മുന്നോട്ട് കൊണ്ടുപോയി.
തുടർന്ന് ഏകദേശം അഞ്ച് കിലോമീറ്റർ പിന്തുടർന്നാണ് വാഹനം തടഞ്ഞത്. പരിശോധനയിൽ നമ്പർ പ്ലേറ്റിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്ത ഉടമയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് വാഹനത്തിൽ ഉപയോഗിച്ചിരുന്നത് വ്യാജ രജിസ്ട്രേഷൻ നമ്പറാണെന്ന് വ്യക്തമായത്.
ശേഷം ചേസിസ് നമ്പറും എൻജിൻ നമ്പറും പരിശോധിച്ച് യഥാർഥ രജിസ്ട്രേഷൻ വിവരങ്ങൾ കണ്ടെത്തി. ഉടമയെ ബന്ധപ്പെട്ടപ്പോൾ സ്കൂട്ടർ ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജംഗ്ഷൻ പ്രദേശത്ത് നിന്ന് മോഷണം പോയതായി അറിയിച്ചു. സംഭവത്തിൽ ഉടമ നേരത്തെ പൊലീസ് പരാതി നൽകിയിരുന്നതായും വ്യക്തമായി.
തുടർ നടപടികൾക്കായി പിടിച്ചെടുത്ത സ്കൂട്ടറും പ്രതികളെയും കളമശ്ശേരി പൊലീസിന് കൈമാറി. അന്വേഷണം പുരോഗമിക്കുകയാണ്.

