മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് കാളകളുമായി സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ബായാർ മേഖലയിലായിരുന്നു സംഭവം.
പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുനീത് ഉൾപ്പെടെ രണ്ടുപേർക്കെതിരെയാണ് നടപടി.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നാല് കാളകളെ കയറ്റി മഞ്ചേശ്വരത്തേക്ക് പോകുകയായിരുന്ന പിക്കപ്പിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗസംഘം പിന്തുടർന്നതായാണ് പരാതി.
ഇതിനിടെ ഒരു ബൈക്ക് പിക്കപ്പിന് മുന്നിൽ കയറി വാഹനം തടഞ്ഞുനിർത്തി. ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡ്രൈവർ പരാതിയിൽ പറയുന്നു. മറ്റൊരു ബൈക്ക് സ്ഥലത്ത് നിർത്താതെ പോയതായും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മുൻപും സമാന രീതിയിലുള്ള പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

