ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സാമൂഹികമാധ്യമ അനുയായികളിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് മുൻപുള്ള സ്ഥിതിവിവരക്കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടത്.
അഭിജീത് പങ്കുവെച്ച വിവരങ്ങൾ പ്രകാരം സിജെപിയുടെ ഇൻസ്റ്റഗ്രാം അനുയായികളിൽ 94.1 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. അമേരിക്കയിൽ നിന്ന് ഒരു ശതമാനവും യുകെയിൽ നിന്ന് 0.7 ശതമാനവും കാനഡ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് 0.6 ശതമാനം വീതവുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏപ്രിൽ 22 മുതൽ മെയ് 21 വരെ അക്കൗണ്ടിന് 1.6 ബില്യൺ വ്യൂസും 1.2 കോടി പുതിയ അനുയായികളെയും ലഭിച്ചതായും അഭിജീത് അവകാശപ്പെട്ടു. ഇന്ത്യൻ യുവാക്കളെ വിദേശികളായി ചിത്രീകരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.
സാമൂഹികമാധ്യമങ്ങളിൽ ചില പ്രസ്ഥാനങ്ങൾക്ക് വിദേശ പിന്തുണയുണ്ടെന്ന സൂചനയോടെ കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു അഭിജീതിന്റെ പ്രതികരണം. രാജ്യത്തെ യുവജനങ്ങളെ അപകീർത്തിപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേന്ദ്രമന്ത്രി സുകാന്ത മജുംദാറും സിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ വലിയൊരു വിഭാഗം അനുയായികൾ ഇന്ത്യയ്ക്ക് പുറത്തുനിന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതിവിധിക്കിടെ യുവാക്കളെ വിമർശിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി രൂപംകൊണ്ടത്. യുവാക്കളുടെ ശബ്ദമെന്ന നിലയിലാണ് സംഘടന സ്വയം അവതരിപ്പിക്കുന്നത്.
സംഘടനയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളും വെബ്സൈറ്റും പിന്നീട് മരവിപ്പിക്കപ്പെട്ടതായി അഭിജീത് ആരോപിച്ചിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, ഭരണപരമായ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിലൂന്നിയ ഡിജിറ്റൽ ക്യാംപെയ്നുകൾക്കും പാർട്ടി പിന്തുണ നൽകിയിരുന്നു.

