Home Keralaമലയാളസർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, പ്രതിഷേധവുമായി എസ്‌എഫ്‌ഐ

മലയാളസർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം; രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം, പ്രതിഷേധവുമായി എസ്‌എഫ്‌ഐ

by news_desk1
0 comments

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശപ്രകാരമാണ് സർവകലാശാല ഭരണസമിതി പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയത്.

പുതിയ ചട്ടപ്രകാരം ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായി കണക്കാക്കും. മുദ്രാവാക്യം വിളിക്കുന്നതും അനുമതിയില്ലാത്ത രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിച്ചിട്ടുണ്ടെന്നും ചട്ടലംഘനത്തിന് അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

അതേസമയം തീരുമാനത്തിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലേക്ക് സിന്‍ഡിക്കേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സർവകലാശാലകളുടെ ജനാധിപത്യ സ്വഭാവം ബാധിക്കുമെന്നാണ് എസ്‌എഫ്‌ഐയുടെ വിമർശനം. സർവകലാശാലകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും സംഘടന വ്യക്തമാക്കി.

പുതിയ ചട്ടങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മേഖലയിൽ വിവിധ തലങ്ങളിൽ ചർച്ചകളും പ്രതികരണങ്ങളും തുടരുകയാണ്.

You may also like