Home Kerala‘അമ്മ’ ഓഫീസിലെ കാര്യങ്ങളിൽ തനിക്ക് അറിവില്ലെന്ന് ശ്വേതാ മേനോൻ; ജനറൽ സെക്രട്ടറിയുമായി ആശയവിനിമയ പ്രശ്നം

‘അമ്മ’ ഓഫീസിലെ കാര്യങ്ങളിൽ തനിക്ക് അറിവില്ലെന്ന് ശ്വേതാ മേനോൻ; ജനറൽ സെക്രട്ടറിയുമായി ആശയവിനിമയ പ്രശ്നം

by news_desk1
0 comments

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റായ തനിക്ക് അറിവില്ലെന്ന് നടി ശ്വേതാ മേനോൻ. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനുമായി കാര്യമായ ആശയവിനിമയമില്ലെന്നും പല വിവരങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാണെന്നും, എന്നാൽ അത് അഭിമാനത്തോടെ ഏറ്റെടുക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു അവരുടെ പ്രതികരണം.

കഴിഞ്ഞ മാസങ്ങളായി സംഘടനയിലെ കാര്യങ്ങളിൽ വ്യക്തതയില്ലാത്ത സാഹചര്യമാണെന്നും, ജനുവരി മുതൽ ജനറൽ സെക്രട്ടറി കാര്യങ്ങൾ കൃത്യമായി അറിയിക്കാറില്ലെന്നും അവർ പറഞ്ഞു. തന്നെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുണ്ടോ എന്നത് വ്യക്തമല്ലെന്നും, അത്തരമുണ്ടെങ്കിൽ അതിനെ നേരിടുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.

ബൈലോ സംബന്ധിച്ച വിവാദങ്ങളിൽ, ഒരു അഭിഭാഷകൻ നൽകിയ വിശദീകരണങ്ങൾ തെറ്റിദ്ധാരണയ്ക്ക് കാരണമായതായും, ആ അഭിഭാഷകനെ ജനറൽ സെക്രട്ടറി തന്നെയാണ് ഏർപ്പാടാക്കിയതെന്നും അവർ ആരോപിച്ചു.

നടി അൻസിബ ഹസന്റെ ആരോപണങ്ങളേക്കുറിച്ചും ശ്വേതാ മേനോൻ പ്രതികരിച്ചു. വക്താവല്ലാത്തവർ മാധ്യമങ്ങളോട് സംസാരിക്കുന്നത് സംഘടനാ ചട്ടലംഘനമാണെന്നും, അൻസിബ പരാതി മെയിൽ ചെയ്യുന്നതിന് മുൻപ് മാധ്യമങ്ങളെ സമീപിച്ചതായും അവർ പറഞ്ഞു.

ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട കേസ് വ്യക്തിപരമാണെന്നും അതിൽ ‘അമ്മ’ സംഘടനയ്ക്ക് പങ്കില്ലെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. എല്ലാ വിഷയങ്ങളും ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നും, തനിക്ക് എല്ലാ തെളിവുകളും കൈവശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഭാരവാഹികളെ പിരിച്ചുവിടണമെന്ന മാലാ പാർവ്വതിയുടെ പ്രതികരണം വിഷമം മൂലമായിരിക്കാമെന്നും ശ്വേതാ മേനോൻ അഭിപ്രായപ്പെട്ടു.

You may also like