തൃശ്ശൂർ: ചേർപ്പ് ചൊവ്വൂരിൽ സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) നെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ നഗരത്തിലെ റൗണ്ടിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ആളാണ് പ്രതി. ഓട്ടോ സർവീസിന്റെ മറവിലാണ് ഇയാൾ വിദ്യാർത്ഥികളെയും മറ്റും കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉത്പന്നങ്ങൾ വൻതോതിൽ വിൽപ്പന നടത്തി വന്നിരുന്നത്. കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ പശ്ചാത്തലത്തിൽ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് (ബാലനീതി നിയമം) പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരി ഇടപാടുകൾക്ക് പുറമെ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പിടിയിലായ ശ്രീജിത്തെന്ന് പോലീസ് അറിയിച്ചു. വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചു കയറി വീട് ആക്രമിച്ച കേസും, മാള പോലീസ് സ്റ്റേഷൻ പരിധിയിൽ അശ്രദ്ധമായി വാഹനമോടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയാക്കിയ കേസും നിലവിൽ ഇയാൾക്കെതിരെയുണ്ട്. പുതിയ യുഡിഎഫ് സർക്കാരിന്റെ കീഴിൽ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ വേട്ടയുടെ ഭാഗമായി ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയതോടെയാണ് ഈ അറസ്റ്റ്. തൃശ്ശൂർ റൂറലിൽ ലഹരിമാഫിയയുടെ വലിയ ശൃംഖല തകർക്കുന്നതിനായി വരും ദിവസങ്ങളിലും കടുത്ത റെയ്ഡുകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

