Home Keralaമുൻ മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധക്കേസ്: വ്യോമയാന നിയമവകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

മുൻ മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധക്കേസ്: വ്യോമയാന നിയമവകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു

by news_desk1
0 comments

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനയാത്രയ്ക്കിടെ വധശ്രമം നടത്തിയെന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

സംഭവത്തിന് നാല് വർഷത്തിന് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍  എന്നിവരാണ് കേസിലെ പ്രതികൾ. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തിലും നേരത്തെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്ന വ്യോമയാന നിയമത്തിലെ വകുപ്പ് പിന്നീട് ഒഴിവാക്കുകയായിരുന്നു. കേസിൽ അന്തിമ റിപ്പോർട്ടും പൊലീസ് അടുത്തിടെ കോടതിയിൽ സമർപ്പിച്ചിരുന്നു.

സംഭവം നടന്ന് മൂന്ന് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

2022 ജൂൺ 13-ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു മുൻ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നത്. വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധം വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിരുന്നു.

സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള വകുപ്പ് ഉൾപ്പെടുത്തിയതിനാലാണ് കുറ്റപത്രത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമായത്. പിന്നീട് ഈ വകുപ്പ് ഒഴിവാക്കിയതോടെയാണ് കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ പൂർത്തിയായത്.

You may also like