തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി നടപടികൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ജില്ലാതല ഹബ്ബുകളിലേക്കുള്ള പുസ്തക വിതരണം പുരോഗമിക്കുകയാണെന്നും മേയ് 30-നകം എല്ലാ സ്കൂളുകളിലും പുസ്തകങ്ങൾ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലവിലുണ്ടെന്നും സീറ്റുകളുടെ കുറവ് യാഥാർഥ്യമാണെന്നും മന്ത്രി പറഞ്ഞു. മാർജിനൽ സീറ്റ് വർധനവ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാകും അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുക. വിഷയം ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും പ്രവേശന നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിലും മന്ത്രി പ്രതികരിച്ചു. മൂല്യനിർണയത്തിൽ വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായെന്ന ആശങ്ക കേന്ദ്രസർക്കാരിനെയും സിബിഎസ്ഇ ബോർഡിനെയും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പുനർമൂല്യനിർണയത്തിനുള്ള സമയപരിധി നീട്ടണമെന്നും വിദ്യാർഥികൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഫീസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ മുൻ സർക്കാർ ഒപ്പുവെച്ച സാഹചര്യത്തിൽ നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി വിശദമായ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങൾ മാനിച്ചായിരിക്കും തുടർ തീരുമാനമെന്നും കൂട്ടിച്ചേർത്തു.
ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള ഉത്തരവുകളിലെ വൈരുദ്ധ്യം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും, പിടിഎയും തദ്ദേശസ്ഥാപനങ്ങളും ഉൾപ്പെട്ട പ്രാദേശിക സമിതികളുടെ പരിശോധനയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

