കൊച്ചി: പൂർണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുക്കിയ മലയാളത്തിലെ ആദ്യ സിനിമയെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ‘വാഗ്ദത്ത ഭൂമി’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ രചനയും ആനിമേഷനും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂരാണ്.
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമായ ‘വാഗ്ദത്ത ഭൂമി’, ഇന്ത്യൻ സിനിമയിലെ ആദ്യ എഐ ആർട്ട് ഹൗസ് സിനിമയെന്ന പ്രത്യേകതയും അവകാശപ്പെടുന്നു.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. മണ്ണിനോടും കൃഷിയോടും തറവാട് ജീവിതത്തോടും ആഴത്തിലുള്ള ബന്ധമുള്ള സോളമന്റെ ജീവിതവും അതിലേക്ക് മകൻ സാം കൊണ്ടുവരുന്ന മാറ്റങ്ങളുമാണ് കഥയുടെ കേന്ദ്രം.
ജീവിതം തേടി കാനഡയിലേക്ക് കുടിയേറിയ സാം, അവിടെ പുതിയ ജീവിതം തുടങ്ങുന്നതിനായി പിതാവിന്റെ സമ്മതമില്ലാതെ വീടും കൃഷിഭൂമിയും വിൽക്കാൻ തീരുമാനിക്കുന്നതോടെയാണ് കഥ വഴിത്തിരിവിലെത്തുന്നത്. മണ്ണിനോടുള്ള ആത്മബന്ധവും കുടിയേറ്റ ജീവിതത്തിന്റെ യാഥാർഥ്യങ്ങളും തമ്മിലുള്ള സംഘർഷമാണ് സിനിമ അവതരിപ്പിക്കുന്നത്.
കുടുംബബന്ധങ്ങളിലെ നിശ്ശബ്ദമായ അകലം, തലമുറകളുടെ കാഴ്ചപ്പാടിലെ വ്യത്യാസങ്ങൾ, ഗ്രാമീണ ജീവിതത്തിന്റെ മാറ്റങ്ങൾ, പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘വാഗ്ദത്ത ഭൂമി’ എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

