തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫിനെ സർക്കാർ ചീഫ് വിപ്പായി നിയമിക്കാനും യോഗം തീരുമാനിച്ചു.
ലോകായുക്തയുടെ പ്രത്യേക അറ്റോർണിയായി ടി. ആസഫലിയെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. സി. വിൻസെന്റിനെയും നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശനാണ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ കേൽക്കറെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിലവിലുള്ള വിവാദത്തിന് അടിസ്ഥാനമില്ലെന്നും കേൽക്കറിനെതിരെ എന്താണ് ആരോപണമെന്ന് ചോദിച്ച മുഖ്യമന്ത്രി, മികച്ച പ്രവൃത്തി പരിചയമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും പറഞ്ഞു. മുൻ സർക്കാർ കാലത്ത് തന്നെ പ്രധാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നൽകിയ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സാഹചര്യം പശ്ചിമ ബംഗാളുമായി താരതമ്യം ചെയ്യരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യമായ രാഷ്ട്രീയ താരതമ്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്നും ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണമായതെന്നും ആരോപിച്ചു. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ മുൻ ഭരണകൂടം ഇടപെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.
മുനമ്പത്ത് താമസിക്കുന്ന ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സർക്കാർ നിലപാട് വ്യക്തമായതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

