Home Keralaമലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ: കോടതി വിധി നടപ്പാക്കണം; സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ: കോടതി വിധി നടപ്പാക്കണം; സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: മലയിടം തുരുത്തിലെ പാര്യത്തുകാവ് പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച കോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി വിധിയുടെ പ്രാബല്യം കുറയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അനുവദിക്കാനാകില്ലെന്നും, തർക്കഭൂമിയിൽ താമസിക്കുന്നവർക്ക് നിയമപരമായ അവകാശം സ്ഥാപിക്കപ്പെട്ടിരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ താമസക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതിയെ സമീപിച്ച് നിയമപരമായ സംരക്ഷണം നേടാത്തിടത്തോളം കുടിയൊഴിപ്പിക്കൽ നടപടികൾ തടയാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എറണാകുളം റൂറൽ എസ്.പി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

അതേസമയം, പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലിന്റെ ഈ ആവശ്യം കോടതി അംഗീകരിക്കുകയും സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

ഇതിനിടെ മലയിടം തുരുത്ത് സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ വിമർശനം ഉന്നയിച്ചു. സാമ്പത്തികമായി ശക്തരായ വിഭാഗങ്ങൾക്ക് അനുകൂലമായി കോടതി വിധിയുടെ മറവിൽ പൊലീസ് ഇടപെടൽ നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മലയിടം തുരുത്തിൽ നിന്ന് ആരെയും ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

You may also like