തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെയും കോടതി നിർദേശത്തിന്റെയും അടിസ്ഥാനത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻ അനിലും എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ, വിപിൻ, സന്ദീപ് ഉൾപ്പെടെയുള്ള അഞ്ച് പേരാണ് സസ്പെൻഷന് വിധേയരായത്. വിവിധ യൂണിറ്റുകളിൽ ജോലി ചെയ്തുവരുന്നതിനാൽ സസ്പെൻഷൻ ഉത്തരവ് പൊലീസ് മേധാവി പുറത്തിറക്കുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ ചുമതലയുടെ പരിധി ലംഘിച്ച് അനാവശ്യമായ ബലപ്രയോഗം നടത്തിയതായി കണ്ടെത്തിയതായാണ് വിവരം. ആയുധം ഉപയോഗിച്ചുള്ള ആക്രമണവുമായി ബന്ധപ്പെട്ട വകുപ്പുകളും ഇവർക്കെതിരെ ഉൾപ്പെടുത്താനാണ് നീക്കം.
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നപ്പോഴായിരുന്നു സംഭവം. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്നിറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു.
അന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇടപെടലായിരുന്നു നടന്നതെന്നും അത് ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നും ഭരണപക്ഷം വിശദീകരിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാരെ ആക്രമിച്ചതായി ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവത്തിൽ പൊലീസ് ആദ്യം നടപടിയെടുക്കാത്തതിനെ തുടർന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തത്. പുതിയ നടപടിയോടെ കേസിലെ അന്വേഷണവും നിയമനടപടികളും കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

