Home Editorialഅബ്ദുൽ റഹീമിന്റെ മോചനംമനുഷ്യസ്നേഹത്തിന്റെ ചരിത്രത്തിൽ മലയാളി എഴുതിയ അതുല്യ അധ്യായം

അബ്ദുൽ റഹീമിന്റെ മോചനംമനുഷ്യസ്നേഹത്തിന്റെ ചരിത്രത്തിൽ മലയാളി എഴുതിയ അതുല്യ അധ്യായം

by news_desk
0 comments

ഒരു മനുഷ്യൻ തിരിച്ചെത്തുന്നു…
20 വർഷത്തെ ഇരുണ്ട ജയിലറകളിൽ നിന്നു ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്.
ഒരു കുടുംബം വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നു…
ഒരു നാട് ആശ്വാസത്തോടെ കണ്ണുനിറക്കുന്നു…
ഒരു ജനത സ്വന്തം മനുഷ്യത്വത്തെ വീണ്ടും തിരിച്ചറിയുന്നു…

സൗദി അറേബ്യയിലെ റിയാദ് ജയിലിൽ രണ്ട് പതിറ്റാണ്ട് കഴിയേണ്ടിവന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവാർത്ത ഒരു വ്യക്തിയുടെ മോചനം മാത്രമല്ല; അത് മനുഷ്യസ്നേഹത്തിന്റെ, കൂട്ടായ്മയുടെ, പ്രത്യാശയുടെ, മലയാളിയുടെ കരുണാമനസ്സിന്റെ മഹാവിജയമാണ്. ഈ പെരുന്നാൾ രാവിൽ മലയാളികൾ ഏറ്റവും കൂടുതൽ കേൾക്കാനാഗ്രഹിച്ച വാർത്തകളിലൊന്നായി അത് മാറിയിരിക്കുന്നു. കാരണം അബ്ദുൽ റഹീമിന്റെ കഥയിൽ ഒരാളുടെ ദുഃഖം മാത്രമല്ല ഉണ്ടായിരുന്നത്; പ്രവാസത്തിന്റെ വേദനയും കുടുംബത്തിന്റെ കാത്തിരിപ്പും വിധിയുടെ ക്രൂരതയും മനുഷ്യന്റെ കരുണയും എല്ലാം ചേർന്ന ഒരു നീണ്ട ജീവിതയാത്രയായിരുന്നു അത്.

സൗദി പൗരനായ ഫായിസ് അബ്ദുള്ള അബ്ദുറഹ്മാൻ അൽ ശഹാരിയുടെ അസുഖബാധിതനായ മകൻ അനസ് അൽ ശഹ്‌രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. പിന്നാലെ വധശിക്ഷ വിധിക്കപ്പെട്ടു. ജീവിതം അവിടെ അവസാനിച്ചുവെന്ന് പലരും കരുതിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒരു അമ്മയുടെ കണ്ണീരും ഒരു കുടുംബത്തിന്റെ പ്രാർത്ഥനയും മനുഷ്യരുടെ കരുണയും ചേർന്നപ്പോൾ മരണം പോലും പിന്നോട്ടുപോയി. 18 വർഷം പിന്നിട്ട ശേഷമാണ് കേസിൽ ഒത്തുതീർപ്പിനുള്ള സാധ്യത തെളിഞ്ഞത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം 34 കോടി രൂപ ദിയ ധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് സമ്മതിച്ചു. സാധാരണ മനുഷ്യരുടെ കാഴ്ചയിൽ അത് അസാധ്യമായ തുകയായിരുന്നു. എന്നാൽ മലയാളികൾക്ക് അത് വെറും പണമല്ലായിരുന്നു; ഒരു ജീവൻ തിരിച്ചുപിടിക്കാനുള്ള പ്രതിജ്ഞയായിരുന്നു. അവിടെ നിന്നാണ് ലോകം കണ്ട അത്ഭുതം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ജാതിയും മതവും രാഷ്ട്രീയവും ദേശപരിധികളും മറന്ന് ഒരൊറ്റ മനുഷ്യനെ രക്ഷിക്കാൻ കൈകോർത്തു. ദിവസങ്ങൾക്കുള്ളിൽ 34 കോടി രൂപ സമാഹരിക്കപ്പെട്ടു.

ഗൾഫിലെ തൊഴിലാളിയുടെ വിയർപ്പും, നാട്ടിലെ സാധാരണക്കാരന്റെ ചെറിയ നാണയത്തുട്ടുകളും, വിദ്യാർത്ഥിയുടെ പോക്കറ്റ് മണിയും, വീട്ടമ്മയുടെ സ്നേഹസമ്പാദ്യവും -എല്ലാം ചേർന്നാണ് ആ മഹാസമാഹരണം സാധ്യമായത്. അതൊരു ധനശേഖരണം മാത്രമല്ലായിരുന്നു; ‘മനുഷ്യൻ ഇപ്പോഴും മരിച്ചിട്ടില്ല’ എന്ന പ്രഖ്യാപനമായിരുന്നു. ഇന്നത്തെ ലോകത്ത് മനുഷ്യരെ മതത്തിന്റെയും വർഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വിഭജിക്കുന്ന സമയത്താണ് മലയാളിസമൂഹം ലോകത്തിനു മുന്നിൽ മനുഷ്യസ്നേഹത്തിന്റെ പുതിയൊരു പാഠം എഴുതി നൽകിയത്. അപരന്റെ വേദന സ്വന്തം നെഞ്ചിലേറ്റി ആശ്വസിപ്പിക്കാൻ കഴിയുന്ന മനസ്സുകളാണ് ഇന്നും ഈ സമൂഹത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അബ്ദുൽ റഹീമിന്റെ മോചനം നമ്മെ മറ്റൊരു വലിയ സത്യം ഓർമ്മിപ്പിക്കുന്നു – നിയമങ്ങളും ശിക്ഷകളും വിധികളും കടന്ന് മനുഷ്യന്റെ കരുണയ്ക്ക് ഇന്നും ലോകം വഴിമാറുന്നു.

ഒരു മനുഷ്യനെ രക്ഷിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഒന്നിച്ചുനിന്ന ഈ നിമിഷം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടേണ്ടതാണ്. കാരണം ഇത് ഒരു വ്യക്തിയുടെ കഥയെ മറികടന്ന് മനുഷ്യകുലത്തിന്റെ കഥയായി മാറിയിരിക്കുന്നു. അധികം വൈകാതെ അബ്ദുൽ റഹീം നാട്ടിലെത്തും. വർഷങ്ങളോളം കാത്തുനിന്ന ഉമ്മയുടെ കണ്ണീരിലേക്കും കുടുംബത്തിന്റെ ചേർത്ത് പിടിക്കലിലേക്കും സ്വന്തം മണ്ണിന്റെ മണത്തിലേക്കും അദ്ദേഹം മടങ്ങിവരും. പക്ഷേ തിരികെയെത്തുന്നത് പഴയ അബ്ദുൽ റഹീമല്ല; മനുഷ്യസ്നേഹത്തിന്റെ അതിജീവന പ്രതീകമായ പുതിയൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ജീവിതം ഇനി മലയാളികൾക്ക് ഒരു ഓർമ്മപ്പെടുത്തലായിരിക്കും – പ്രതീക്ഷ അവസാനിക്കുന്നിടത്തും മനുഷ്യന്റെ സ്നേഹം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന ഓർമ്മപ്പെടുത്തൽ.

You may also like