Home Entertainment‘പെദ്ധി’ക്ക് വൻ വരവേൽപ്പ്; വടക്കേ അമേരിക്കൻ പ്രീമിയർ ഷോകൾക്ക് 10,000-ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

‘പെദ്ധി’ക്ക് വൻ വരവേൽപ്പ്; വടക്കേ അമേരിക്കൻ പ്രീമിയർ ഷോകൾക്ക് 10,000-ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

by news_desk1
0 comments

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ റിലീസിന് മുമ്പേ വലിയ പ്രേക്ഷകശ്രദ്ധ നേടുന്നു. വടക്കേ അമേരിക്കയിലെ പ്രീമിയർ ഷോകൾക്കായുള്ള ടിക്കറ്റ് വിൽപ്പനയിൽ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതിനോടകം 10,000-ലധികം ടിക്കറ്റുകൾ മുൻകൂട്ടി വിറ്റഴിഞ്ഞു. ഇതോടെ റിലീസിന് മുമ്പേ തന്നെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രതീക്ഷകൾ ഉയർന്നിരിക്കുകയാണ്.

ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ആദ്യം മാർച്ചിലും പിന്നീട് ഏപ്രിലിലും റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രീകരണവും സാങ്കേതിക ജോലികളും പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനെ തുടർന്ന് റിലീസ് തീയതി മാറ്റുകയായിരുന്നു. ഇപ്പോൾ അന്തിമഘട്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

റിലീസിനോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ പോസ്റ്ററിൽ മാസ് ലുക്കിലാണ് രാം ചരണിനെ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ തീവ്രതയും രൂപഭാവവും ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. വേനൽ അവധിക്കാലത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന റിലീസ് തീയതി ചിത്രത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിനായി സംഗീതസംവിധായകൻ എ ആർ റഹ്മാൻ ഒരുക്കിയ പ്രത്യേക ഗാനത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിൽ പൂർത്തിയായി. ഈ ഗാനമാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുമെന്നാണ് വിലയിരുത്തൽ.

അടുത്തിടെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയിലും രാം ചരണിന്റെ കഥാപാത്രാവിഷ്‌കാരവും ശാരീരിക മാറ്റവും ശ്രദ്ധേയമായിരുന്നു. ഗുസ്തി താരത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തോടൊപ്പം ക്രിക്കറ്റും കഥയുടെ പ്രധാന ഘടകമായി എത്തുന്നുവെന്ന സൂചനകൾ കൗതുകം വർധിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ–ശിവരാജ് കുമാർ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിലെ ‘ചികിരി ചികിരി’, ‘റായ് റായ് രാ രാ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ഗ്ലിംപ്സും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെ ‘പെദ്ധി’യുടെ റിലീസിനായുള്ള കാത്തിരിപ്പും ഉയർന്നിരിക്കുകയാണ്.

You may also like