ദില്ലി: ദീർഘദൂര സർവീസിനിടെ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി–സാൻ ഫ്രാൻസിസ്കോ വിമാനം യാത്ര പൂർത്തിയാക്കാതെ തിരിച്ചിറക്കി. 230 യാത്രക്കാരുമായി പുറപ്പെട്ട വിമാനം എട്ട് മണിക്കൂറിലേറെ സഞ്ചരിച്ച ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദില്ലിയിലേക്ക് തിരിച്ചെത്തിയത്.
എയർ ഇന്ത്യയുടെ എഐ 173 വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ 3.09ന് ദില്ലിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യാത്രയ്ക്കിടെ സാങ്കേതിക മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ച് മടക്കിയയക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം, വിമാനം യാത്ര ആരംഭിച്ച് മണിക്കൂറുകൾക്കുശേഷം ചൈനീസ് വ്യോമാതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് പ്രശ്നം കണ്ടെത്തിയത്. വിമാനത്തിലെ ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (ടി.സി.എ.എസ്.) ഉണ്ടായ സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കാൻ കാരണമായതെന്നാണ് സൂചന.
യാത്ര മുടങ്ങിയതിൽ യാത്രക്കാരോട് ഖേദം രേഖപ്പെടുത്തിയ എയർ ഇന്ത്യ, ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കുന്നതിനായി ബദൽ വിമാന ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും അറിയിച്ചു. താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങളും യാത്രക്കാർക്ക് ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ സമാന സാഹചര്യത്തിൽ ദീർഘദൂര എയർ ഇന്ത്യ വിമാനം യാത്ര മുടക്കി മടങ്ങേണ്ടിവരുന്നത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് മാർച്ച് 19ന് ദില്ലിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട വിമാനം ഒൻപത് മണിക്കൂർ സഞ്ചരിച്ച ശേഷവും സാങ്കേതിക പ്രശ്നത്തെ തുടർന്ന് തിരികെ ദില്ലിയിൽ ഇറക്കിയിരുന്നു. വിമാന സുരക്ഷാ നടപടികളെയും സാങ്കേതിക നിരീക്ഷണ സംവിധാനങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.

