ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥരുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 2029 ഇഡി ഉദ്യോഗസ്ഥരുടെ എണ്ണം 3256 ആയി ഉയർത്താനാണ് നീക്കം. കഴിഞ്ഞ 15 വർഷത്തിനിടെ ഇഡിയിലെ ഏറ്റവും വലിയ നിയമന വർധനവായിരിക്കും ഇത്.
ഇഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉണ്ടായ വലിയ വർധനവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പത്ത് വർഷങ്ങൾക്ക് മുൻപ് നൂറിൽ താഴെ മാത്രമായിരുന്ന ഇഡി കേസുകളുടെ എണ്ണം 2022ന് ശേഷം ആയിരത്തിന് മുകളിലെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ അന്വേഷണങ്ങൾ കാര്യക്ഷമമാക്കാനും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമായി അധിക നിയമനങ്ങൾ അനിവാര്യമാണെന്ന് കേന്ദ്രം വിലയിരുത്തുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിലും വലിയ വർധനവ് ഉണ്ടാകും. സ്പെഷ്യൽ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്റ്, അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയ പദവികളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികം വർധിപ്പിക്കാനാണ് തീരുമാനം.
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ വേഗത്തിലാക്കുന്നതിനും സംസ്ഥാനങ്ങളിലുടനീളം ഇഡിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്നാണ് വിവരം.

