തൃശൂർ: സി.ബി.എസ്.ഇ തായ്ക്വോണ്ടോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനമേറ്റ് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ വെച്ച് നടന്ന മത്സരത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ച വിദ്യാർത്ഥി ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്.
ഓഗസ്റ്റ് 3-ന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ വെച്ചായിരുന്നു മത്സരം നടന്നത്. എതിർ മത്സരാർത്ഥി കായിക നിയമങ്ങൾ കാറ്റിൽപ്പറത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. മത്സരത്തിനിടെ ഫൈസിന്റെ സ്വകാര്യ ഭാഗത്താണ് ആദ്യം അടി ഏറ്റത്. പരിക്കേറ്റ് റിങ്ങിന് പുറത്തേക്ക് നീങ്ങിയ ഫൈസിനെ എതിരാളി വീണ്ടും കഠിനമായി കിക്ക് ചെയ്ത് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് അടിയേറ്റ വിദ്യാർത്ഥി ഉടൻ തന്നെ ബോധരഹിതനായി വീണു.
റിങ്ങിന് പുറത്തെത്തിയാൽ മത്സരം തുടരാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് ഈ ക്രൂരത നടന്നത്. എന്നാൽ റെഫറി കൃത്യമായി ഇടപെട്ടില്ലെന്നും സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ചികിത്സയ്ക്കും അടിയന്തര ശസ്ത്രക്രിയയ്ക്കും ശേഷമാണ് ഫൈസിനെ കൊച്ചിയിലേക്ക് മാറ്റിയത്. സംഭവത്തിൽ സി.ബി.എസ്.ഇ ചെയർമാന് പരാതി നൽകിയ കുടുംബം, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
