തെഹ്റാൻ: സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം നടന്നതായി റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിനും പേർഷ്യൻ ഗൾഫ് മേഖലയ്ക്കും സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രകോപനമില്ലാതെയാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം.
ഇതിനിടെ ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്ക അറിയിച്ചു. ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും യുഎസ് സൈന്യം ലക്ഷ്യമിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ആദ്യം ആക്രമണം നടത്തിയതാകട്ടെ ഇറാനാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും സൈനിക ബോട്ടുകൾക്കും നേരെയാണ് സ്വയംരക്ഷാർത്ഥം ആക്രമണം നടത്തിയതെന്ന് യുഎസ് വിശദീകരിച്ചു.
അതേസമയം അമേരിക്കയുടെ പുതിയ ആക്രമണത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നു. ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ വീണ്ടും ലക്ഷ്യമിട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വ്യാഴാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം രണ്ട് ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ബാരലിന് 1.90 ഡോളറിന്റെ വർധനയോടെ വില 96.19 ഡോളറിലെത്തി.
പ്രദേശത്തെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഒമാനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനോട് അനുകൂല നിലപാട് സ്വീകരിക്കരുതെന്നും ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം മറ്റാരും ഏറ്റെടുക്കാൻ പാടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “മറ്റ് രാജ്യങ്ങളെപ്പോലെ പെരുമാറിയില്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഹോർമൂസ് കടലിടുക്കിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെ നടപടികൾ വെടിനിർത്തൽ കരാർ ലംഘിക്കുന്നതാണെന്നും അതിന് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
മധ്യപൂർവ്വേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുന്നതോടെ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഹോർമൂസ് കടലിടുക്ക് വഴി ലോകത്തെ വലിയൊരു വിഹിതം എണ്ണ ഗതാഗതം നടക്കുന്നതിനാൽ സംഘർഷം കൂടുതൽ രൂക്ഷമായാൽ ആഗോള സമ്പദ്വ്യവസ്ഥയെയും അത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.

