Home Keralaവന്ദേമാതരം ഭാഗികമായി ആലപിച്ചത് വിവാദം; സർക്കാരിനെതിരെ വി മുരളീധരന്റെ രൂക്ഷ വിമർശനം

വന്ദേമാതരം ഭാഗികമായി ആലപിച്ചത് വിവാദം; സർക്കാരിനെതിരെ വി മുരളീധരന്റെ രൂക്ഷ വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന ചടങ്ങിനിടെ ‘വന്ദേമാതരം’ പൂർണമായി ആലപിക്കാതിരുന്നതിനെതിരെ ബിജെപി നേതാവും എംഎൽഎയുമായ വി മുരളീധരൻ രംഗത്ത്. ഗവർണർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന കേന്ദ്ര നിർദേശം നിലനിൽക്കെയായിരുന്നു നിയമസഭയിൽ ഭാഗികമായി മാത്രം ബാന്റ് വായിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഇത് ഗവർണറോടും രാജ്ഭവനോടുമുള്ള അവഹേളനമാണെന്നും 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതത്തെ അപമാനിച്ചതിന് തുല്യമാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾക്ക് വഴങ്ങിയാണ് വി ഡി സതീശൻ സർക്കാർ പ്രവർത്തിക്കുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.

“ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണെന്ന വാദം സർക്കാർ പരോക്ഷമായി അംഗീകരിക്കുകയാണ്. 1896-ൽ കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് കോൺഗ്രസിന് എപ്പോൾ മുതൽ അകലം തുടങ്ങിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം,” എന്നാണ് വി മുരളീധരന്റെ പ്രതികരണം.

സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ നേരത്തെയും ചില പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന ചടങ്ങിൽ ആരംഭത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രം ബാന്റ് അവതരിപ്പിച്ചത്.

രണ്ട് തവണയും വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങൾ മാത്രമാണ് പൊലീസ് ബാന്റ് വായിച്ചത്. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ടതില്ലെന്ന നിർദേശം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെന്ന ആരോപണവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

You may also like