തൃശൂർ: ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം അതിദുരിതത്തിലാക്കി. മാരാംകോട് വനത്തിൽ കുടിൽകെട്ടി താമസിക്കുന്ന 41 കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നത്.
ഷീറ്റ് വലിച്ചുകെട്ടിയ താൽക്കാലിക കുടിലുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. മഴവെള്ളത്തിനൊപ്പം താഴെയുള്ള ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും കുടിലുകൾക്കുള്ളിലേക്ക് കയറുന്നതിനാൽ അവിടെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
കുടിലുകൾക്കുള്ളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായതോടെ കുട്ടികളെ നെഞ്ചോടു ചേർത്തുപിടിച്ചാണ് അമ്മമാർ കഴിയുന്നത്. മഴക്കെടുതിക്കിടയിൽ സുരക്ഷിതമായ താമസസൗകര്യമില്ലാതെ ദുരിതജീവിതം നയിക്കുന്ന ഈ കുടുംബങ്ങളുടെ അവസ്ഥ ആശങ്കയുയർത്തുകയാണ്.
