Home Keralaഅടുക്കളയിൽ ഭക്ഷണമെടുക്കാൻ ശ്രമം; പെൺകുട്ടികൾ ഉണർന്നതോടെ രക്ഷപ്പെട്ടു, വർക്കലയിൽ ഒരേ രാത്രിയിൽ നിരവധി വീടുകളിൽ മോഷണശ്രമം

അടുക്കളയിൽ ഭക്ഷണമെടുക്കാൻ ശ്രമം; പെൺകുട്ടികൾ ഉണർന്നതോടെ രക്ഷപ്പെട്ടു, വർക്കലയിൽ ഒരേ രാത്രിയിൽ നിരവധി വീടുകളിൽ മോഷണശ്രമം

by news_desk1
0 comments

തിരുവനന്തപുരം: വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി ഒരേ രാത്രിയിൽ നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. പുന്നമൂട് സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബാബുവിന്റെ രണ്ട് പെൺമക്കൾ മാത്രമാണ് അന്ന് വീട്ടിലുണ്ടായിരുന്നത്.

കമ്പിപ്പാര ഉപയോഗിച്ച് അടുക്കളവാതിൽ കുത്തിത്തുറന്ന് വീട്ടിൽ കടന്ന മോഷ്ടാവ് മുറിയിൽ സൂക്ഷിച്ചിരുന്ന വിവിധ സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് പെൺകുട്ടികൾ ഉണർന്നു. ഇവർ ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

പുന്നമൂട്, വട്ടാരംവിള, എൻ.പി.വിള തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ചോളം വീടുകളിലും അതേ രാത്രിയിൽ മോഷണശ്രമം നടന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ മറ്റൊരു വീട്ടിന്റെ പിൻവാതിൽ കുത്തിത്തുറക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് തെളിയിച്ചതോടെ മോഷ്ടാവ് അവിടെനിന്നും രക്ഷപ്പെട്ടു.

വർക്കല പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മുഖംമൂടിയും കൈയുറയും ധരിച്ച യുവാവ് വീടിന്റെ പിൻവശത്തുകൂടി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും ഒരേ വ്യക്തിയാണ് ഉൾപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.

You may also like