രാജ്യത്തെ ഹാച്ച്ബാക്ക് വിപണിയിൽ പുതുചുവടുവെപ്പുമായി 2026 മോഡൽ ടാറ്റ ടിയാഗോയും ടിയാഗോ ഇവിയും ഇന്ത്യയിൽ അവതരിപ്പിച്ചു. കൂടുതൽ ആകർഷകമായ ഡിസൈൻ, നവീകരിച്ച ഇന്റീരിയർ, സാങ്കേതിക സവിശേഷതകൾ എന്നിവയോടെയാണ് പുതിയ മോഡലുകൾ എത്തുന്നത്. എഞ്ചിൻ സംവിധാനത്തിൽ മാറ്റമില്ലെങ്കിലും രൂപത്തിലും ഫീച്ചറുകളിലും വലിയ പുതുമകളാണ് ടാറ്റ മോട്ടോഴ്സ് ഒരുക്കിയിരിക്കുന്നത്.
പുതിയ ടിയാഗോ ശ്രേണി ആറ് ട്രിമ്മുകളിലും 11 വേരിയന്റുകളിലുമായി ലഭ്യമാണ്. 4.69 ലക്ഷം രൂപ മുതൽ 7.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അതേസമയം, ഫെയ്സ്ലിഫ്റ്റ് ചെയ്ത ടിയാഗോ ഇവിയുടെ വില 6.99 ലക്ഷം മുതൽ 9.99 ലക്ഷം രൂപ വരെയാണ്. BaaS പദ്ധതിയിലൂടെ 4.69 ലക്ഷം രൂപ മുതൽ ടിയാഗോ ഇവി സ്വന്തമാക്കാം. ബാറ്ററി വാടകയ്ക്ക് കിലോമീറ്ററിന് 2.6 രൂപയാണ് നിരക്ക്.
പുത്തൻ ഡിസൈനിൽ കൂടുതൽ സ്റ്റൈൽ
പുതിയ ടിയാഗോയും ടിയാഗോ ഇവിയും മുൻവശത്ത് പൂർണമായ മാറ്റങ്ങളോടെയാണ് എത്തുന്നത്. പുരികത്തിന്റെ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ഹെഡ്ലാമ്പുകൾ വാഹനത്തിന് കൂടുതൽ ആധുനിക ഭാവം നൽകുന്നു. പെട്രോൾ മോഡലിൽ കറുത്ത ഗ്രില്ലും ഇവിയിൽ ബോഡി കളർ ഗ്രില്ലുമാണ് നൽകിയിരിക്കുന്നത്.
പുതിയ പിക്സൽ ഡിസൈൻ ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് അലോയ് വീലുകൾ, കറുത്ത വീൽ ആർച്ചുകൾ, പുതുക്കിയ പിൻബമ്പർ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. ടിയാഗോ ഇവിയിൽ ‘Tata.ev’ ബാഡ്ജും പ്രത്യേക ഡിസൈൻ ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക സവിശേഷതകളിൽ വലിയ മുന്നേറ്റം
ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. പുതുതായി രൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ്, ഫ്രീ-സ്റ്റാൻഡിംഗ് ഡ്രൈവർ ഡിസ്പ്ലേ, കറുപ്പും ചാരനിറവും ചേർന്ന സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.7 ഇഞ്ച് പാർട്ട്-ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ഡ്യുവൽ വയർലെസ് ഫോൺ ചാർജർ, പിൻ എസി വെന്റുകൾ തുടങ്ങിയ ഫീച്ചറുകളും പുതിയ മോഡലുകളിൽ ലഭ്യമാണ്.
എഞ്ചിനിൽ മാറ്റമില്ല
പുതിയ ടിയാഗോയിൽ മുൻ മോഡലിലെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 86 bhp കരുത്ത് നൽകുന്ന ഈ എഞ്ചിൻ മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകളോടെ ലഭ്യമാണ്. സിഎൻജി പതിപ്പിൽ ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ തുടരുന്നു. AMT പതിപ്പിൽ സെഗ്മെന്റിൽ ആദ്യമായി പാഡിൽ ഷിഫ്റ്ററുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടിയാഗോ ഇവിയിൽ 19.2kWh, 24kWh ബാറ്ററി പായ്ക്കുകളാണ് ലഭിക്കുന്നത്. യഥാക്രമം 226 കിലോമീറ്ററും 285 കിലോമീറ്ററും റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 24kWh പതിപ്പിന് ലൈഫ് ടൈം അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും 19.2kWh പതിപ്പിന് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.
18 മിനിറ്റിൽ 100 കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന ടോപ്പ്-അപ്പ് ചാർജ് ലഭ്യമാകുമെന്നതാണ് ടിയാഗോ ഇവിയുടെ മറ്റൊരു പ്രധാന സവിശേഷത.

