Home Keralaവീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി ആരോപണം

വീണ്ടും ചികിത്സാ പിഴവ് പരാതി; മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി ആരോപണം

by news_desk1
0 comments

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയായ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ പാർവതിയാണ് ചികിത്സാ പിഴവിന് ഇരയായതെന്ന് കുടുംബം ആരോപിക്കുന്നത്.

കാലുവേദനയെ തുടർന്ന് മെയ് ആദ്യവാരത്തിലാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. തുടർന്ന് മെയ് 12-ന് ശസ്ത്രക്രിയക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കാലിലെ പ്രധാന ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

ഇതിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്ന് ശസ്ത്രക്രിയകൾ കൂടി നടത്തിയിട്ടുണ്ട്. നിലവിൽ കാലിന്റെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ട അവസ്ഥയാണെന്നും കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യം വരുമോയെന്ന ആശങ്കയിലാണ് കുടുംബമെന്നും ബന്ധുക്കൾ ആരോപിച്ചു. ചികിത്സയ്ക്കായി ഇതുവരെ രണ്ടുലക്ഷത്തിലധികം രൂപ ചെലവായതായും അവർ പറയുന്നു.

ശസ്ത്രക്രിയ നടത്തിയ ദിവസം രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശസ്ത്രക്രിയയ്ക്ക് ശേഷം രാവിലെ 11 മണിയോടെ രോഗിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയതായാണ് കുടുംബത്തിന്റെ വിശദീകരണം. എന്നാൽ അന്നേ രാത്രി കാലിന്റെ നിറം മാറുകയും കടുത്ത വേദനയും തണുപ്പും അനുഭവപ്പെടുകയും ചെയ്തുവെന്നാണ് ചെറുമകൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആദ്യം കാര്യമായ പ്രതികരണം ഉണ്ടായില്ലെന്നും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെടേണ്ടിവന്നുവെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹവുമായി സംസാരിച്ച ശേഷമേ വിശദീകരണം നൽകാനാകൂവെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികരണം.

You may also like