Home Editorialനവകേരളത്തിന്റെ പുതിയ അധ്യായം തുറക്കുമോ സതീശൻ സർക്കാർ ?

നവകേരളത്തിന്റെ പുതിയ അധ്യായം തുറക്കുമോ സതീശൻ സർക്കാർ ?

by news_desk
0 comments

കേരളം ഒരു പുതിയ രാഷ്ട്രീയ കാലഘട്ടത്തിലേക്കുള്ള യാത്ര ആരംഭിച്ചുവെന്ന പ്രഖ്യാപനത്തോടെയാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നിയമസഭയിൽ മുഴങ്ങിയത്. പതിനാറാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമിടുമ്പോൾ, ഒരു പതിറ്റാണ്ട് നീണ്ട ഇടത് ഭരണത്തിന് ശേഷമുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ രാഷ്ട്രീയ ദിശാസൂചനയായതിനാൽ തന്നെ ഈ നയപ്രഖ്യാപനം സാധാരണ ഔപചാരിക പ്രസംഗമായി മാത്രം കാണാനാകില്ല. ഭരണത്തിന്റെ സ്വഭാവം എന്തായിരിക്കും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം ആത്മാർത്ഥമായി നടപ്പാക്കപ്പെടും, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ഭാവിയെ എങ്ങനെ പുനർനിർമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു-ഇതെല്ലാം വായിച്ചറിയാനുള്ള രാഷ്ട്രീയ രേഖയായിരുന്നു അത്. തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവച്ച ‘ഇന്ദിരാ ഗ്യാരണ്ടി’ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ് നയപ്രഖ്യാപനത്തിന്റെ പ്രധാന ആകർഷണം.

സ്ത്രീകൾക്ക് സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തൽ, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി, സാമൂഹ്യസുരക്ഷാ പദ്ധതികളുടെ വ്യാപനം — ഇവയെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളാണ്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനങ്ങൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളായി മാത്രം അവസാനിക്കാതെ, സമയബന്ധിതമായ ഭരണനടപടികളായി മാറേണ്ട ഉത്തരവാദിത്തം സർക്കാരിനുമേൽ വൻതോതിൽ ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച്, കേരളം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ വാഗ്ദാനങ്ങൾ നടപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കടബാധ്യതയും വരുമാനക്ഷാമവും ഉയരുന്ന സാഹചര്യത്തിൽ ജനക്ഷേമവും വികസനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സാമ്പത്തിക കൃത്യതയും ഭരണ കാര്യക്ഷമതയും അനിവാര്യമാണ്. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾക്കപ്പുറം, അവ നടപ്പാക്കാനുള്ള ധനസ്രോതസ്സുകളും ഭരണരീതികളും വ്യക്തതയോടെ മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. അതേസമയം, ഈ നയപ്രഖ്യാപനത്തിന്റെ മറ്റൊരു ശ്രദ്ധേയത രാഷ്ട്രീയ സംഘർഷങ്ങൾക്ക് പകരം സഹകരണത്തിന്റെ ഭാഷ സർക്കാർ മുന്നോട്ടുവച്ചതാണ്. കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ ഏറ്റുമുട്ടലല്ല, യോജിപ്പും സംവാദവുമാണ് വേണ്ടതെന്ന സന്ദേശം സർക്കാർ നൽകിയിരിക്കുന്നു.

കഴിഞ്ഞ പത്ത് വർഷക്കാലം കേരള രാഷ്ട്രീയം പലപ്പോഴും കടുത്ത സംഘർഷ രാഷ്ട്രീയത്തിന്റെ വേദിയായി മാറിയിരുന്നു. ഗവർണർ-സർക്കാർ തർക്കങ്ങൾ മുതൽ കേന്ദ്ര ഏജൻസികളുമായുള്ള ഏറ്റുമുട്ടലുകൾ വരെ ഭരണപരമായ ഊർജ്ജം വലിയ തോതിൽ ചെലവഴിച്ചു. അതിനിടയിൽ വികസന അജണ്ടകൾ പലപ്പോഴും രാഷ്ട്രീയ പുകമറയിൽ മറഞ്ഞുപോയി. ഈ പശ്ചാത്തലത്തിൽ, തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ തിരുത്തിയും ആശയവിനിമയത്തിലെ അപാകതകൾ പരിഹരിച്ചും മുന്നോട്ട് പോകുമെന്ന സർക്കാരിന്റെ നിലപാട് ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന്റെ സൂചനയായി കാണാം. ഭരണത്തിൽ വിനയവും സംവാദവുമുണ്ടാകുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതാണ്. എന്നാൽ അതേ സമയം, കേന്ദ്രത്തിന്റെ അവഗണനകളെക്കുറിച്ച് മൗനം പാലിക്കുന്ന സമീപനം കേരളത്തിന്റെ അവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കരുത് എന്ന മുന്നറിയിപ്പും പ്രസക്തമാണ്.

നയപ്രഖ്യാപനത്തിലെ വികസന കാഴ്ചപ്പാടുകളും ശ്രദ്ധേയമാണ്. കേരളത്തെ സംയോജിത തുറമുഖ കേന്ദ്രമായും ദക്ഷിണേന്ത്യയിലെ പ്രധാന വ്യോമയാന ഹബ്ബായും മാറ്റുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക സാധ്യതകളിലേക്കുള്ള തുറന്ന ജനാലകളാണ്. വിഴിഞ്ഞം തുറമുഖം, തീരദേശ വികസനം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം, വ്യവസായ നിക്ഷേപം എന്നിവയെ ഏകോപിപ്പിക്കാൻ കഴിയുമെങ്കിൽ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ദിശ ലഭിക്കാം. അതുപോലെ തന്നെ, സിൽവർലൈൻ പദ്ധതിക്ക് പകരം പരിസ്ഥിതി സൗഹൃദ സമീപനത്തോടെ പുതിയ ഗതാഗത വികസന പദ്ധതികൾ ആലോചിക്കുമെന്ന പരാമർശവും ശ്രദ്ധേയമാണ്. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സമതുലനം ഇന്നത്തെ ലോകം ആവശ്യപ്പെടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. അതിൽ സർക്കാർ എത്രത്തോളം ആത്മാർത്ഥത പുലർത്തുന്നു എന്നതാണ് നിർണായകം.

സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഉയർന്ന ‘വന്ദേമാതരം’ വിവാദത്തിലും സർക്കാർ സ്വീകരിച്ച സമീപനം രാഷ്ട്രീയ പക്വതയുടെ സൂചനയായി വായിക്കാം. അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കി ഭരണത്തിന്റെ പ്രധാന അജണ്ടകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് അതിൽ കണ്ടത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും വിഷയത്തിൽ സമതുലിത നിലപാട് സ്വീകരിച്ചതോടെ വിവാദത്തിന്റെ ചൂട് കുറഞ്ഞു. എന്നാൽ ഒരു നയപ്രഖ്യാപനവും അതിലെ വാഗ്ദാനങ്ങളും മാത്രം ഒരു സർക്കാരിന്റെ വിജയത്തിന്റെ അളവുകോൽ ആകില്ല. ഭരണത്തിന്റെ ആദ്യ നൂറുദിവസങ്ങൾ തന്നെയാകും ജനങ്ങൾ വിലയിരുത്തുക. തൊഴിലില്ലായ്മ, മയക്കുമരുന്ന് വ്യാപനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധി, സഹകരണ മേഖലയിലെ വിശ്വാസക്ഷയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ച-ഇവയെല്ലാം അതിവേഗ ഇടപെടൽ ആവശ്യപ്പെടുന്ന വിഷയങ്ങളാണ്. കേരളം ഇന്ന് മാറ്റം ആഗ്രഹിക്കുന്ന ഒരു സമൂഹമാണ്. രാഷ്ട്രീയ സംഘർഷങ്ങളിൽ നിന്ന് ഭരണ ഫലപ്രാപ്തിയിലേക്കുള്ള മാറ്റം, പ്രഖ്യാപനങ്ങളിൽ നിന്ന് നടപ്പിലാക്കലിലേക്കുള്ള മാറ്റം, അധികാര രാഷ്ട്രീയത്തിൽ നിന്ന് ജനകേന്ദ്രിത ഭരണത്തിലേക്കുള്ള മാറ്റം- ഇതെല്ലാം ഒരുമിച്ച് സാധ്യമാക്കേണ്ട ദൗത്യമാണ് സതീശൻ സർക്കാരിന് മുന്നിലുള്ളത്. പ്രതീക്ഷയുടെ വാതിലുകൾ തുറന്നുകൊണ്ടാണ് പുതിയ ഭരണചക്രം തിരിയാൻ തുടങ്ങുന്നത്. എന്നാൽ ആ പ്രതീക്ഷകൾക്ക് ജീവൻ നൽകേണ്ടത് പ്രഖ്യാപനങ്ങളല്ല, പ്രവർത്തികളാണ്. നവകേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാകുമോ എന്നത് ഇനി സർക്കാരിന്റെ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഗതിയിലാണ്.



You may also like