Home Top Storiesനവീൻ ബാബു മരണക്കേസ് സിബിഐക്ക്; അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനം

നവീൻ ബാബു മരണക്കേസ് സിബിഐക്ക്; അന്വേഷണം കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനം

by news_desk1
0 comments

തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി നവീൻ ബാബുവിന്റെ കുടുംബം നേരത്തേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്ന് പുതിയ സർക്കാരാണ് കേസ് കേന്ദ്ര അന്വേഷണ ഏജൻസിക്ക് വിടാൻ തീരുമാനിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഴകുളം മധു എംഎൽഎയും ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലംമാറ്റത്തെ തുടർന്നുള്ള യാത്രയയപ്പ് ചടങ്ങിനിടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ അപ്രതീക്ഷിതമായി എത്തി, ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിൽ നവീൻ ബാബുവിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

ഈ സംഭവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ പി. പി. ദിവ്യ മാത്രമാണ് പ്രതിയായിട്ടുള്ളത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ കേസിന്റെ തുടർനടപടികൾ പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നാണ് വിലയിരുത്തൽ.

You may also like