ന്യൂയോർക്ക്: ഇറാനുമായി അമേരിക്കൻ പ്രതിനിധികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കരാറിൽ കൂടുതൽ ഭേദഗതികൾ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുമാണ് മാറ്റങ്ങൾ ആവശ്യപ്പെട്ടതെന്നാണ് അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കരാറുമായി ബന്ധപ്പെട്ട അമേരിക്കൻ നിർദേശങ്ങൾക്ക് മറുപടി നൽകാൻ ഇറാന്‍ ഏതാനും ദിവസങ്ങൾ എടുത്തേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ ഇറാനുമായി സമാധാന കരാറിലെത്താൻ തനിക്ക് തിടുക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കി. മികച്ചൊരു കരാർ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും, അതിന് സാധിക്കാത്ത പക്ഷം മറ്റ് മാർഗങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാർ യാഥാർഥ്യമായാൽ നിരവധി ജീവനുകൾ രക്ഷിക്കാനാകുമെന്നും ഹോർമുസ് കടലിടുക്കിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ വഴിയൊരുങ്ങുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാനിയൻ നേതൃത്വത്തെ കടുത്ത ചർച്ചക്കാരെന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്ക ലക്ഷ്യമിടുന്ന കാര്യങ്ങൾ ക്രമേണ കൈവരിക്കുകയാണെന്നും അവകാശപ്പെട്ടു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാനുള്ള സാധ്യത നേരത്തെ അമേരിക്കൻ പ്രതിരോധ വകുപ്പ് സൂചിപ്പിച്ചിരുന്നു.
ഇറാഖ് യുദ്ധത്തെ പരാമർശിച്ച ട്രംപ്, അന്നത്തെ അമേരിക്കൻ ഇടപെടൽ തെറ്റായ തീരുമാനമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. അതേസമയം, ഇറാനെതിരായ മുൻ സൈനിക നടപടികൾ ന്യായീകരിച്ച അദ്ദേഹം, ആ ആക്രമണങ്ങൾ നടന്നില്ലെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണമാകുമായിരുന്നുവെന്നും പറഞ്ഞു.
ഇറാനിയൻ സൈന്യത്തെ ലക്ഷ്യമിട്ടുള്ള നടപടികളിൽ അമേരിക്ക നിയന്ത്രണം പാലിച്ചിരുന്നുവെന്നും ചില വിഭാഗങ്ങളെ മനഃപൂർവം ഒഴിവാക്കിയിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ ഇറാൻ-അമേരിക്ക ചർച്ചകൾ തുടരുന്നതിനിടെ ട്രംപിന്റെ പുതിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുകയാണ്.

