Home Nationalമാലിന്യ ടാങ്ക് ശുചീകരണത്തിനിടെ ഏഴര വർഷത്തിനിടെ 498 മരണം; പാർലമെന്റിൽ പുറത്തുവന്ന കണക്കുകൾ

മാലിന്യ ടാങ്ക് ശുചീകരണത്തിനിടെ ഏഴര വർഷത്തിനിടെ 498 മരണം; പാർലമെന്റിൽ പുറത്തുവന്ന കണക്കുകൾ

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്ത് അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും ഉൾപ്പെടെയുള്ള മാലിന്യ ടാങ്കുകൾ ശുചീകരിക്കുന്നതിനിടെ കഴിഞ്ഞ ഏഴര വർഷത്തിനിടെ 498 ശുചീകരണ തൊഴിലാളികൾക്ക് ജീവൻ നഷ്ടമായതായി പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് സാമൂഹിക നീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്തേവാലെ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

2019 ജനുവരി 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിലാണ് 498 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക രേഖകളിൽ എല്ലാ മരണങ്ങളും സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെയാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വർഷം തിരിച്ചുള്ള കണക്കുകൾ പ്രകാരം 2019-ൽ ഏറ്റവും കൂടുതൽ, 132 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2020-ൽ 34, 2021-ൽ 62, 2022-ൽ 88, 2023-ൽ 65, 2024-ൽ 54, 2025-ൽ 47 മരണങ്ങൾ രേഖപ്പെടുത്തി. 2026-ലെ ആദ്യ ആറുമാസത്തിനിടെ 16 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 498 ആയി.

അതേസമയം, മാലിന്യ ടാങ്കുകളോ ശുചീകരണ പ്രവർത്തനങ്ങളോ നടത്തുന്നതിനിടെ ഔദ്യോഗികമായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ ഈ വിഷയത്തിൽ വ്യത്യസ്ത ചിത്രം മുന്നോട്ടുവയ്ക്കുകയാണ്.

റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പലതും തൊഴിലാളികൾ സ്വമേധയാ ഏറ്റെടുത്ത ജോലിക്കിടെയാണ് സംഭവിച്ചതെന്നും, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

You may also like