Home Keralaവാണിജ്യ പാചകവാതകത്തിന് വീണ്ടും വിലക്കയറ്റം; 19 കിലോ സിലിണ്ടറിന് 42 രൂപ കൂടി

വാണിജ്യ പാചകവാതകത്തിന് വീണ്ടും വിലക്കയറ്റം; 19 കിലോ സിലിണ്ടറിന് 42 രൂപ കൂടി

by news_desk1
0 comments

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വീണ്ടും ഉയര്‍ത്തി. 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി.

അഞ്ച് കിലോ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറിനും 11 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയിലെ ഈ സിലിണ്ടറിന്റെ വില 821.50 രൂപയായി ഉയര്‍ന്നു. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നിലവില്‍ മാറ്റമില്ല.

കഴിഞ്ഞ മാസവും എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഗണ്യമായി ഉയര്‍ത്തിയിരുന്നു. അന്ന് ഏകദേശം 993 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ വിലക്കയറ്റം ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍, കാന്റീനുകള്‍ തുടങ്ങി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എല്‍പിജി വിതരണ ശൃംഖലയില്‍ ഉണ്ടായ സമ്മര്‍ദവും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും വിലവര്‍ധനയ്ക്ക് കാരണമായെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് വരുത്തുന്നത്.

വിലക്കയറ്റത്തിന്റെ പ്രതിഫലനം ഭക്ഷ്യവസ്തുക്കളുടെ വിലയിലും സേവനമേഖലയിലും പ്രകടമാകുമോയെന്ന ആശങ്കയും വ്യാപാര മേഖലയിലുണ്ട്.

You may also like