കൊച്ചി: മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചെന്നാരോപിച്ച് പാലക്കാട് സ്വദേശിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ (36) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പശ്ചാത്തലം ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 9.30നും 11.05നും ഇടയിലാണ് സംഭവം നടന്നത്. ബാട്ടിക് എയർലൈൻസിന്റെ ഒഡി 231 നമ്പർ വിമാനത്തിലെ 12എ സീറ്റിലിരുന്ന ജംഷീർ അപ്രതീക്ഷിതമായി എമർജൻസി എക്സിറ്റ് വാതിൽ ബലമായി തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ചുതകർക്കുകയും ചെയ്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
ഇയാളെ തടയാൻ ശ്രമിച്ച സഹയാത്രികരെയും വിമാനത്തിലെ ക്യാബിൻ ക്രൂ അംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികൻ പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ ബാട്ടിക് എയർലൈൻസിന്റെ സെക്യൂരിറ്റി ഇൻചാർജ് ബിന്ദുമോഹൻ നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ സാഹചര്യമൊന്നുമില്ലാതിരുന്നിട്ടും ജംഷീർ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
