Home Keralaമുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി

by news_desk1
0 comments

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമവിധിയിൽ വിചാരണക്കോടതി എങ്ങനെ പറയാനാകുമെന്നാണ് ഹൈക്കോടതി ചോദിച്ചത്. വിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അപ്പീലിൽ സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. തുടർന്ന് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചിരുന്നു. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

2003 ഫെബ്രുവരി 19-ന് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദ് കൊല്ലപ്പെട്ടത്.

കേരളത്തിലെ ശ്രദ്ധേയമായ ആദിവാസി സമരങ്ങളിലൊന്നായ മുത്തങ്ങ സമരം സി.കെ. ജാനുവിന്റെ നേതൃത്വത്തിലായിരുന്നു. 2001-ൽ ഭൂമി നൽകുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാരോപിച്ച് 2003 ജനുവരിയിൽ ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചു. നൂറുകണക്കിന് ആദിവാസികൾ സമരത്തിൽ പങ്കെടുത്തു.

തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് നടപടി ആരംഭിക്കുകയും കുടിലുകൾ നീക്കം ചെയ്യുന്നതിനിടെ വെടിവെപ്പുണ്ടാകുകയും ചെയ്തു. ആദിവാസിയായ ജോബി വെടിയേറ്റ് മരിച്ചു. അതേ സംഘർഷത്തിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിനെയും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പി.കെ. ശശിധരനെയും സമരക്കാർ ബന്ദിയാക്കിയത്. ഗുരുതരമായി പരിക്കേറ്റ വിനോദ് പിന്നീട് മരിച്ചു. ശശിധരനും ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട കേസിൽ 57 പേരെ പ്രതിചേർത്തിരുന്നു. 132 ആദിവാസികളെ അറസ്റ്റ് ചെയ്തതായും, ഇവരിൽ 37 കുട്ടികളടക്കം മനുഷ്യാവകാശ ലംഘനത്തിന് ഇരയായെന്ന പരാതികളും ഉയർന്നിരുന്നു. വിചാരണ നീണ്ട 23 വർഷത്തിനിടെ കേസിലെ 57 പ്രതികളിൽ 13 പേർ മരണപ്പെട്ടിട്ടുണ്ട്.

You may also like