ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ അടുത്ത രണ്ടാഴ്ചയ്ക്കകം പുനഃസംഘടന നടന്നേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. മന്ത്രിസഭയിലും സംഘടനാതലത്തിലും വ്യാപക മാറ്റങ്ങൾക്ക് ബിജെപി നേതൃത്വം തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകാനും നാല് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പുറത്താകാനും സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിൽ നിന്നുള്ള പ്രതിനിധാനത്തിലും മാറ്റമുണ്ടാകുമോ എന്ന ചർച്ചകൾ ഇതിനോടകം സജീവമായിട്ടുണ്ട്. നിലവിൽ കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യൻ മന്ത്രിസഭയിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ബിജെപി നേതാവ് സി. സദാനന്ദനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമോയെന്ന കാര്യവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സ്ഥാനം സുരക്ഷിതമാണെന്നാണ് സൂചന.
ദേശീയതലത്തിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ അനിൽ ആന്റണിയുടെ പേരും വിവിധ പദവികളിലേക്ക് പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങൾ കണക്കിലെടുത്തായിരിക്കും പുനഃസംഘടനയെന്ന് വിലയിരുത്തപ്പെടുന്നു.
സിബിഎസ്ഇ മൂല്യനിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ തുടരുമോയെന്നതും ശ്രദ്ധേയമായ ചോദ്യമായി ഉയരുന്നുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും മുൻഗണന നൽകിയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുക.
അതേസമയം, പാർട്ടി സംഘടനാ തലത്തിലും മാറ്റങ്ങൾ ആരംഭിച്ചതായി സൂചനയുണ്ട്. ചില സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാർ കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞ് സംഘടനാ ചുമതലകളിലേക്ക് മാറിയേക്കാമെന്നാണ് വിവരം. കേരളത്തിൽ പുതിയ പ്രഭാരിയെ നിയോഗിക്കാനുള്ള സാധ്യതയും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

