Home Kerala“മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് തുരത്തും”; യുവത്വത്തെ ചേർത്തുപിടിക്കണമെന്ന് മുഖ്യമന്ത്രി

“മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് തുരത്തും”; യുവത്വത്തെ ചേർത്തുപിടിക്കണമെന്ന് മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: യുവത്വമാണ് ഒരു സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും മയക്കുമരുന്ന് മാഫിയയെ കേരളത്തിൽ നിന്ന് പൂർണമായി കെട്ടുകെട്ടിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. യുവാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ ഏകദേശം 60 ശതമാനവും യുവാക്കളാണെന്നും ഈ ജനസംഖ്യാ നേട്ടം (ഡെമോഗ്രാഫിക് ഡിവിഡന്റ്) സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ സാധ്യതകളാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവത്വം സജീവവും ഉൽപ്പാദനക്ഷമവുമായിരിക്കുമ്പോഴാണ് ഒരു നാട് അതിവേഗം മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ജനസംഖ്യ നിയന്ത്രണത്തെക്കുറിച്ചാണ് കൂടുതൽ ചർച്ച ചെയ്തിരുന്നതെങ്കിലും ഇന്ന് യുവജനശക്തിയെ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യമാണ് ലോകം തിരിച്ചറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യുവാക്കളെ വഴിതെറ്റിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മയക്കുമരുന്ന് വ്യാപനം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗം സമൂഹത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്കും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കളെ പോലും ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ വർധിക്കുന്നതിൽ ലഹരി ഉപയോഗത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവത്വത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, അതിനെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് വ്യക്തമാക്കി. ലഹരി വ്യാപനത്തിനെതിരെ പൊലീസ് വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ യുവാക്കളെ നല്ല പ്രവർത്തനങ്ങളിലേക്ക് നയിക്കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവരും കൈകോർക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ലഹരി വിപത്തിൽ നിന്ന് മോചിപ്പിക്കാൻ ജനങ്ങളും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like