ന്യൂഡൽഹി: സിബിഎസ്ഇയുടെ റീ-വാല്യൂവേഷൻ പോർട്ടലിന് നേരെ വ്യാപക സൈബർ ആക്രമണം നടന്നതായി ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് പോർട്ടലിന്റെ പ്രവർത്തനത്തിൽ താൽക്കാലിക തടസ്സം നേരിട്ടെങ്കിലും സാങ്കേതിക വിദഗ്ധരുടെ ഇടപെടലിലൂടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി സിബിഎസ്ഇ വ്യക്തമാക്കി.
റീ-വാല്യൂവേഷനായി ആയിരക്കണക്കിന് വിദ്യാർഥികൾ ഒരേസമയം പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് ഡിജിറ്റൽ സേവനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നത്. വെറും രണ്ട് മിനിറ്റിനുള്ളിൽ ലക്ഷക്കണക്കിന് വ്യാജ ഹിറ്റുകൾ സൈറ്റിലേക്ക് എത്തിയതായും, അനധികൃതമായി വിവരങ്ങൾ കൈവശപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നതായും അധികൃതർ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയതിലൂടെ ആക്രമണം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും, വിദ്യാർഥികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ബോർഡ് അറിയിച്ചു. നിലവിൽ പോർട്ടൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായും റീ-വാല്യൂവേഷൻ അപേക്ഷകൾ തടസ്സമില്ലാതെ സ്വീകരിക്കുന്നതായും സിബിഎസ്ഇ വ്യക്തമാക്കി.
ഇതിനകം പതിനാറായിരത്തിലധികം വിദ്യാർഥികൾ റീ-വാല്യൂവേഷൻ അപേക്ഷകൾ വിജയകരമായി സമർപ്പിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ സൗകര്യം പരിഗണിച്ച് പോർട്ടലിൽ കൂടുതൽ സാങ്കേതിക മെച്ചപ്പെടുത്തലുകളും നടപ്പാക്കിയിട്ടുണ്ട്. സെഷൻ സമയം വർധിപ്പിച്ചതടക്കമുള്ള മാറ്റങ്ങൾ അപേക്ഷാ നടപടികൾ കൂടുതൽ സുഗമമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സാങ്കേതിക സംഘം 24 മണിക്കൂറും നിരീക്ഷണം തുടരുകയാണെന്നും സിബിഎസ്ഇ അറിയിച്ചു.

