കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേരിൽ കൃത്രിമമായി നിർമ്മിച്ച അപകീർത്തികരമായ ചിത്രം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു.
കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് നടപടി സ്വീകരിച്ചത്. “ഈസ്റ്റ് എളേരി” എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇരുവരും ചിത്രം പങ്കുവെച്ചതെന്നാണ് പരാതി.
സമൂഹത്തിൽ പ്രകോപനവും സംഘർഷാവസ്ഥയും സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

