Home Keralaകാലവർഷം: താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

കാലവർഷം: താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

by news_desk1
0 comments

കൽപ്പറ്റ: കാലവർഷം ശക്തമായ സാഹചര്യത്തിൽ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് സമയബന്ധിത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്.

രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് നിയന്ത്രണം ബാധകമാകുക. കാലവർഷം അവസാനിക്കുന്നതുവരെയോ പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സി.കെ. കാസിം എം.എൽ.എ, കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ ചരക്കുവാഹനങ്ങൾക്ക് ഈ സമയത്ത് താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ടാകില്ല. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

അതേസമയം, കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേന, ദുരന്തനിവാരണ സേന, സായുധസേന, പൊലീസ് വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക അനുമതിയുള്ള വാഹനങ്ങൾക്കും ഇളവ് ബാധകമാണ്.

ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

You may also like