Home Internationalകുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് എയർപോർട്ടിന് നേരെ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിർത്തിവെച്ചു

by news_desk
0 comments

കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമാക്കിക്കൊണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ വൻ ആക്രമണം. മിസൈലാക്രമണത്തിൽ വിമാനത്താവളത്തിലെ പ്രധാന യാത്രാ ടെർമിനലായ ടി-1 ന് (T1) കനത്ത നാശനഷ്ടമുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് കുവൈത്ത് എയർപോർട്ടിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും അടിയന്തരമായി നിർത്തിവെച്ചു. റൺവേയിലുണ്ടായിരുന്ന വിമാനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണവും നാശനഷ്ടങ്ങളും കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മിസൈൽ പതിച്ച് ടെർമിനൽ കെട്ടിടത്തിന് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ തന്നെ അടിയന്തര പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം സായുധ സേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്നും, കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. നേരത്തെ ചില സാങ്കേതിക തടസ്സങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ടി-1 ടെർമിനൽ, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജൂൺ ഒന്നിനാണ് വീണ്ടും തുറന്നുനൽകിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇറാന്റെ ആക്രമണമുണ്ടായിരിക്കുന്നത്.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം തുടങ്ങിയത്. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ തകർത്ത അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനുള്ള മറുപടിയാണിതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി. അമേരിക്കൻ താവളങ്ങൾക്ക് നേരെയുള്ള ആക്രമണത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും മിസൈൽ പതനമുണ്ടായിരിക്കുന്നത്. ഇതോടെ ഗൾഫ് മേഖലയിലാകെ യുദ്ധഭീതി പടരുകയും അതീവ ജാഗ്രതാ നിർദ്ദേശം നിലവിൽ വരികയും ചെയ്തിട്ടുണ്ട്.

You may also like