ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസിന്റെ കരുത്തനായ നേതാവ് ഡി. കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയാണ് ഡി. കെ. ശിവകുമാർ. ഭരണഘടനയുടെ ചെറുപതിപ്പ് കൈയിലേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്തിയത്. മുൻ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി. കെ. ശിവകുമാർ, ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ ‘ട്രബിൾഷൂട്ടർ’ എന്നാണ് അറിയപ്പെടുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര പുതിയ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മുൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന ജി. പരമേശ്വര, സിദ്ധരാമയ്യയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ഈ പദവിയിലേക്ക് എത്തിയത്. ജി. പരമേശ്വരയ്ക്കും കെ. എച്ച്. മുനിയപ്പയ്ക്കും യു. ടി. ഖാദറിനും പുറമെ മലയാളി സാന്നിധ്യമടക്കം പതിനാലംഗ മന്ത്രിസഭയാണ് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ദേശീയ കോൺഗ്രസ് നേതൃനിര ഒന്നടങ്കം സാക്ഷ്യം വഹിച്ച ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവർ ഒരേ കാറിലാണ് രാജ്ഭവനിലേക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള പ്രബല നേതാവായ ഡി. കെ. ശിവകുമാർ എട്ട് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ഹൈക്കമാൻഡ് നടത്തിയ ശക്തമായ ഇടപെടലുകൾക്കൊടുവിലാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയാൻ തയ്യാറായതും രാജി സമർപ്പിച്ചതും. തുടർന്ന് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ (സിഎൽപി) സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി. കെ. ശിവകുമാറിന്റെ പേര് നിർദ്ദേശിച്ചത്. മുതിർന്ന നേതാവ് ജി. പരമേശ്വര ഈ നിർദ്ദേശത്തെ പിന്താങ്ങുകയായിരുന്നു. തർക്കപരിഹാര ചർച്ചകളുടെ ഭാഗമായി സിദ്ധരാമയ്യയ്ക്ക് കേന്ദ്ര നേതൃത്വം രാജ്യസഭാ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. തുടർന്ന് തന്റെ ഔദ്യോഗിക വസതിയിൽ വിളിച്ചുചേർത്ത സഹപ്രവർത്തകരുടെ പ്രഭാതഭക്ഷണ യോഗത്തിൽ വെച്ചാണ് ഹൈക്കമാൻഡ് തീരുമാനം സിദ്ധരാമയ്യ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് ഡി. കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതിനോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്നും വ്യക്തമാക്കിയാണ് സിദ്ധരാമയ്യ അധികാരം കൈമാറിയത്.

