Home Top Storiesഡൽഹി ഹോട്ടൽ തീപിടിത്തം: മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ സ്വദേശികൾ; ഉടമയ്‌ക്കെതിരെ കേസെടുത്തു

ഡൽഹി ഹോട്ടൽ തീപിടിത്തം: മരിച്ചവരിൽ ഭൂരിഭാഗവും ആഫ്രിക്കൻ സ്വദേശികൾ; ഉടമയ്‌ക്കെതിരെ കേസെടുത്തു

by news_desk
0 comments

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ മരിച്ച 20 പേരിൽ ഭൂരിഭാഗവും ആഫ്രിക്കൻ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. കെട്ടിടത്തിനുള്ളിൽ പുക ഉയർന്നതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് പലരും മരണപ്പെട്ടത്. തീപിടിത്തമുണ്ടായതോടെ പരിഭ്രാന്തരായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ നാൽപതോളം പേരെ മാക്സ്, സഫ്ദർജംഗ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ നിയമപരമായ ചട്ടങ്ങൾ ലംഘിച്ച ഹോട്ടൽ ഉടമയ്‌ക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയായിരുന്നു മാളവ്യനഗറിലെ ഹോട്ടലിൽ ദാരുണമായ ദുരന്തമുണ്ടായത്. രാവിലെ 8.50-ഓടെയാണ് തങ്ങൾക്ക് അപകട സന്ദേശം ലഭിച്ചതെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ താമസിച്ചിരുന്ന ഹോട്ടലിന്റെ പ്രവർത്തനം പൂർണ്ണമായും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന കടുത്ത വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. ബേസ്‌മെന്റ് ഉൾപ്പെടെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ 25 മുറികളാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ കേവലം 6 മുറികൾക്ക് മാത്രമാണ് ഈ ഹോട്ടലിന് ഔദ്യോഗിക അനുമതിയുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ബേസ്‌മെന്റിൽ വരെ ആളുകളെ താമസിപ്പിച്ചിരുന്നു. കെട്ടിടം അതീവ ഇടുങ്ങിയതായതിനാൽ തീ പടർന്നപ്പോൾ ആളുകൾക്ക് വേഗത്തിൽ പുറത്തുകടക്കാൻ സാധിച്ചില്ല. കൂടാതെ, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട തീയണയ്ക്കാനുള്ള യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും കെട്ടിടത്തിൽ സജ്ജീകരിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

You may also like