കുന്നംകുളം: ചാർജ് ഓൺ ചെയ്തു നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കയറി കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാല് വയസ്സുകാരിക്ക് പരിക്ക്. കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകൾ എൽസി ആണ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞിട്ടും കുട്ടി നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയെ വിദഗ്ദ്ധ പരിചരണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് വന്ന സമയത്താണ് അപകടം സംഭവിച്ചത്. വീട്ട മുറ്റത്ത് വാഹനം നിർത്തിയ അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷയുടെ കീ ഓഫ് ചെയ്യാൻ മറന്നിരുന്നു. ഈ സമയത്താണ് നാല് വയസ്സുകാരിയായ എൽസി ആരുമറിയാതെ ഓട്ടോറിക്ഷയിൽ കയറി കളിക്കാൻ തുടങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാഹനത്തിന്റെ ആക്സിലേറ്റർ തിരിക്കുകയായിരുന്നു. ഇതോടെ അതിവേഗം മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വീടിന്റെ വശത്തുണ്ടായിരുന്ന കിണറ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഓട്ടോറിക്ഷയോടൊപ്പം കുട്ടിയും കിണറ്റിന്റെ ആഴങ്ങളിലേക്ക് പതിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓടിയെത്തിയ അയൽവാസി ജീവൻ പണയപ്പെടുത്തി കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. കിണറ്റിൽ കിടക്കുന്ന ഓട്ടോറിക്ഷ വടവും ക്രെയിനും ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.ആർ. സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

