Home Keralaമെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർ സസ്‌പെൻഡ്, ഉന്നതതല അന്വേഷണം വീണ്ടും

മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടർ സസ്‌പെൻഡ്, ഉന്നതതല അന്വേഷണം വീണ്ടും

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം ഗുരുതര വീഴ്ചയായി കണക്കാക്കി ഡ്യൂട്ടി ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉന്നതതല സമിതിയെ വീണ്ടും നിയോഗിക്കാനും തീരുമാനമായി.

ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന്റെ പരിചരണത്തിൽ ഉണ്ടായ ഗുരുതര അലംഭാവമാണ് പുഴുവരിക്കാൻ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഡ്രസ് ചെയ്ത മുറിവ് നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയോ ആവശ്യമായ രീതിയിൽ വീണ്ടും ഡ്രസ് ചെയ്യുകയോ ആശുപത്രി ജീവനക്കാർ നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം 28-ന് ബൈക്ക് അപകടത്തിൽ പരിക്കേറ്റ പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കാലിലെ ഗുരുതര പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി കമ്പി ഘടിപ്പിച്ചിരുന്നു. തുടർന്ന് അഞ്ച് ദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ പിന്നീട് വാർഡിലേക്ക് മാറ്റി.

വാർഡിലേക്ക് മാറ്റിയ ശേഷമാണ് രോഗിയുടെ കാലിലെ മുറിവിൽ പുഴുവരിക്കുന്നതായി ബന്ധുക്കൾ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. രോഗി കടുത്ത വേദന അനുഭവിച്ചിട്ടും വാർഡിലെ ജീവനക്കാർ വേണ്ട പരിഗണന നൽകിയില്ലെന്നും രാത്രി വൈകുവോളം ആരും പരിശോധിക്കാൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.

പ്രതിഷേധത്തെ തുടർന്ന് രോഗിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി ചികിത്സ നൽകി. സംഭവം വിവാദമായതോടെ ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ഓർത്തോപീഡിക് വിഭാഗം മേധാവി, സർജിക്കൽ വിഭാഗം മേധാവി എന്നിവരടങ്ങിയ സമിതിയോട് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ട നടപടി എന്ന നിലയിലാണ് ഡ്യൂട്ടി ഡോക്ടറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ കണ്ടെത്തുന്നതിനും ആശുപത്രി സംവിധാനത്തിലെ വീഴ്ചകൾ പരിശോധിക്കുന്നതിനുമായി സമഗ്ര അന്വേഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

You may also like