തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഈ സീസണിലെ ആദ്യത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്ട് നിലവിലുള്ളത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ (Yellow) അലര്‍ട്ടും പ്രഖ്യാപിച്ചു. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും ഇതിനകം തന്നെ വലിയ നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. കോട്ടയം അമ്മഞ്ചേരിയിൽ കനത്ത മഴയെത്തുടർന്ന് വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിന്റെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ വീട്ടിലുണ്ടായിരുന്ന ബിനോയിയുടെ ഭാര്യ ടിനു, മക്കളായ എബിൾ, ബ്രയാൻ എന്നിവരുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
അതേസമയം, കോഴിക്കോട് നഗരത്തിൽ രാവിലെ പത്ത് മണിയോടെ കനത്ത വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. നഗരത്തിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. കിഡ്സൺ കോർണറിൽ എൽ.ഐ.സി ഓഫീസിന് പുറകിലേക്ക് വൻമരം ഒടിഞ്ഞുവീണത് ആശങ്ക പരത്തി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതവും ജനജീവിതവും സാധാരണ നിലയിലാക്കിയത്. മലയോര മേഖലകളിലും തീരദേശങ്ങളിലും വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.

