തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിപ്പിലുണ്ടായ വ്യാപക പരാതികളെ തുടർന്നാണ് നടപടി. സേവനത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസ്ക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കൊറിയർ ബുക്കിങ് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടായിരുന്നു കൊറിയർ സർവീസ് നടത്തിയത്. മികച്ച വരുമാനം ലഭിച്ചതിനെ തുടർന്ന് കൂടുതൽ പ്രൊഫഷണൽ രീതിയിൽ സേവനം മെച്ചപ്പെടുത്തുന്നതിനായാണ് പിന്നീട് സ്വകാര്യ ഏജൻസിയെ ചുമതല ഏൽപ്പിച്ചത്.
എന്നാൽ സേവന നിലവാരത്തെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിലവിലെ കരാർ അവസാനിപ്പിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. കൊറിയർ സേവനം വീണ്ടും കാര്യക്ഷമമായി പുനരാരംഭിക്കുന്നതിനായി പുതിയ ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
