മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രാഥമിക പരിശോധന. അപകടസമയത്ത് ബസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. പരമാവധി 50 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലാണ് ബസ് ഇരട്ടിവേഗത്തിൽ സഞ്ചരിച്ചതെന്നും പരിശോധനയിൽ വ്യക്തമായി.
അതിവേഗത്തിൽ എത്തിയ ബസ് വളവ് തിരിയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട ജലപാളി മൂലമുണ്ടാകുന്ന അക്വാപ്ലെയിനിങ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായും സംയുക്ത പരിശോധനയിൽ കണ്ടെത്തി.
റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് (എംവിഡി), പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന ഇതിനകം പൂർത്തിയായിട്ടുണ്ട്.
തൃശൂർ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ബസ് തലകീഴായി മറിഞ്ഞ അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ബസ് പൂർണമായും തകരുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
