Home Keralaവിദ്യാർഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

വിദ്യാർഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

by news_desk1
0 comments

തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇന്നലെ രാത്രിയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

ടി.ജി. മോഹൻദാസിനെതിരെ നടപടി സ്വീകരിക്കാത്തതിൽ യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയവർക്കെതിരെ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും, കോൺഗ്രസ് നേതാക്കൾ നൽകിയ പരാതി പരിഗണിച്ചില്ലെന്നായിരുന്നു ആരോപണം. പൊലീസിലെ ഒരു വിഭാഗത്തിന്റെ ഇരട്ടത്താപ്പ് ആഭ്യന്തര വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പരാതിയിൽ അന്വേഷണം നടത്താൻ സൈബർ സെൽ ഐജി പി. പ്രകാശിന് ചുമതല നൽകിയിരുന്നു.

ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ വിദ്യാർഥികളെ നേരിടാൻ അവസരം ലഭിച്ചാൽ നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കുമെന്നും, ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും ടി.ജി. മോഹൻദാസ് പ്രസംഗത്തിൽ പറഞ്ഞതായി പരാതിയിൽ പറയുന്നു. വെടിവെപ്പിൽ ആളുകൾ മരിക്കുമെന്നും പരിക്കേൽക്കുമെന്നും, പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നും അദ്ദേഹം പരാമർശിച്ചതായും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ ശക്തമായി നേരിട്ട വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ടി.ജി. മോഹൻദാസ് പ്രസംഗത്തിൽ പറഞ്ഞതായി പരാതിയിൽ പറയുന്നു. ഈ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

You may also like